Vishva Hindu Parishad

ശബരിമല സർക്കുലർ കോടതി അലക്ഷ്യവും വെല്ലുവിളിയും : വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പുനപരിശോധനക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്ന സാഹചര്യത്തിൽ യുവതികൾക്ക് വീണ്ടും ശബരിമലയിൽ പ്രവേശനം ഒരുക്കാൻ സൗകര്യമൊരുക്കത്തക്ക രീതിയിലുള്ള കേരള സർക്കാരിന്റെ സർക്കുലർ കോടതി അലക്ഷ്യവും ഹൈന്ദവ സമൂഹത്തിനോടുള്ള വെല്ലുവിളിയും ആണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഘടകം. 28 9 2018 ലെ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി പുനപരിശോധനക്കു വേണ്ടി ഒരു വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കെ അതു മറച്ചുവെച്ച് യുവതികളെ ഇരുട്ടിന്റെ മറവിൽ ശബരിമലയിൽ പ്രവേശിപ്പിച്ച് വീണ്ടും ആചാര ലംഘനം നടത്താനാണ് സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കം. സ്വജനപക്ഷപാതത്തെ പറ്റിയും പിൻവാതിൽ നിയമനങ്ങളെ പറ്റിയുമുള്ള സാമൂഹിക-മാധ്യമ ചർച്ചകളെ വഴി തെറ്റിച്ചു വിടുക എന്ന ദുരുദേശ്യത്തോടു കൂടിയാണ് സർക്കാർ ഇപ്പോൾ ഈ സർക്കുലർ ഇറക്കിയിരിക്കുന്നത്. കോവിഡിനു ശേഷം നടക്കാൻ പോകുന്ന ഈ മണ്ഡലകാലത്തെ വീണ്ടും സംഘർഷാത്മകമാക്കാനാണ് സർക്കാർ ഈ ഉത്തരവിൽ കൂടി ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇടതു നേതാക്കൻമാർ പോലും രണ്ടു തട്ടിലാണെന്നതിന്റെ തെളിവാണ് മുൻ ദേവസ്വം മന്ത്രിയായ സുധാകരന്റെ പ്രസ്താവന. സർക്കാർ ഇറക്കിയ സർക്കുലറിന്റെ മറവിൽ യുവതിയെ ശബരിമലയിൽ കയറ്റാൻ ശ്രമിക്കുകയാണെങ്കിൽ അതിനെ വിശ്വ ഹിന്ദു പരിഷത്ത് പ്രതിരോധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും അറിയിച്ചു.

ശബരിമല സർക്കുലർ കോടതി അലക്ഷ്യവും വെല്ലുവിളിയും : വിശ്വ ഹിന്ദു പരിഷത്ത്…