Vishva Hindu Parishad

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണം: വിശ്വ ഹിന്ദു പരിഷത്ത്...

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ആർജ്ജവമില്ലായ്മ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ശബരിമല ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പിയും ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 2017 നവംബർ 13-ാം തീയതി കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം കേന്ദ്ര സർക്കാരിനോട് ഈ ആവശ്യം നടപ്പാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർന്ന് ഈ ആവശ്യം നടപ്പാക്കി എടുക്കാൻ സംസ്ഥാന സർക്കാർ ആത്മാർത്ഥമായ ഒരു നടപടിയും സ്വീകരിച്ചില്ല. സർക്കാർ വകുപ്പുകൾക്കും ദേവസ്വം ബോർഡിനും സീസൺ തോറും പണം കണ്ടെത്താനുള്ള ഒരു വേദിയായി മാത്രം ശബരിമല മാറുന്നു. ഭൗതിക സാഹചര്യവികസനത്തിനും ലക്ഷക്കണക്കിനു വരുന്ന ഭക്തജനങ്ങൾക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെട്ടു കഴിഞ്ഞു. ബഹു ഹൈക്കോടതിയുടെ നിരീക്ഷണം ഉള്ളതു കൊണ്ടു മാത്രമാന്ന് ഇന്ന് ശബരിമല ഇപ്പോൾ കാണുന്ന രീതിയിൽ എങ്കിലും നിലനിൽക്കുന്നതു തന്നെ. ശബരി പാത ഉടൻ പൂർത്തീകരിച്ച് അതിൽ കൂടി വന്ദേ ഭാരത് ട്രെയിൻ സർവ്വീസും ചെങ്ങന്നൂർ – പമ്പാ നദീ തീര റെയിൽ പാതയും കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിലും കേന്ദ്ര വന നിയമം നിലനിൽക്കുന്ന പ്രദേശം ആയതിനാലും ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്നതാണ് ഉചിതം.ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നാണ് ഭക്തർ ശബരിമലയിൽ എത്തുന്നത്. വൈഷ്ണവോ ദേവീ ക്ഷേത്രം ഉൾപ്പടെയുള്ള രാജ്യത്തെ പ്രമുഖമായ നിരവധി ക്ഷേത്രങ്ങൾ ഇന്ന് ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാണ്. അഴിമതിയും പാർട്ടി താൽപര്യങ്ങളുമില്ലാതെ ശബരിമലയെ ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ നയം കൊണ്ടു സാധിക്കും. നിലവിൽ ശബരിമലയിലെ അവസ്ഥ വളരെ പരിതാപകരമാണ്. പമ്പയിൽ നിന്ന് മല കയറുന്ന ഭക്തർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ തീർത്ഥാടന കാലം ആരംഭിച്ചതിനു ശേഷം പത്തോളം അയ്യപ്പ ഭക്തൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത് പാതയുടെ അപാകത മൂലവും ശരിയായ ചികിൽസാ സംവിധാനങ്ങൾ ഒരുക്കാത്തതു കൊണ്ടുമാണ്. ഇത്തരം സാഹചര്യങ്ങൾ കേന്ദ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി കേന്ദ്ര സർക്കാരിന് ഉടൻ തന്നെ നിവേദനം നൽകാൻ തീരുമാനിച്ചു എന്നും ഭാരവാഹികൾ അറിയിച്ചു.
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണം: വിശ്വ ഹിന്ദു പരിഷത്ത്